കുതിരക്കള്ളനെ പറ്റിച്ചേ!

ഒരിക്കല്‍ ഒരു യാത്രക്കാരന്‍ തന്‍റെ കുതിരപ്പുറത്ത് ദൂരെയുള്ള ഒരു ബന്ധുവീട്ടിലേയ്ക് യാത്ര ചെയ്യുകയായിരുന്നു. കുറെ ദൂരം യാത്ര ചെയ്തു ക്ഷീണിച്ച അയാള്‍ നല്ല തണലുള്ള ഒരു മരത്തിനടുത്തെത്തിയപ്പോള്‍ കുറച്ചു നേരം വിശ്രമിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ, അയാള്‍ തന്‍റെ കുതിരയെ ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം ആ വലിയ മരത്തണലില്‍ ഇരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അയാള്‍ പെട്ടെന്നു തന്നെ നല്ല ഉറക്കത്തിലായി.

കുറെയധികം നേരം കഴിഞ്ഞാണ് അയാള്‍ ഉണര്‍ന്നത്. തന്‍റെ യാത്ര തുടരനായി അയാള്‍ തന്‍റെ കുതിരയെ തിരഞ്ഞു. അതിനെ അവിടെയെങ്ങും കാണാനില്ലായിരുന്നു. അയാള്‍ ഉറങ്ങുന്ന സമയത്ത് ആരോ ആ കുതിരയെ മോഷ്ടിച്ച് കടന്നു കളഞ്ഞിരുന്നു.

അയാള്‍ ആകെ വിഷമത്തിലായി. ഒട്ടും സമയം കളയാതെ അയാള്‍ തന്റെ കുതിരയെ കെട്ടിയിരുന്ന മരവും പരിസരവും വിശദമായി പരിശോധിച്ചു. കുതിരയുടെ കാലടിപ്പാടുകള്‍ അതിനെ കെട്ടിയിരുന്ന മരത്തിനടിയില്‍ നിന്നും ദൂരെയുള്ള ഒരു വില്ലേജിലേക്ക് അയാളെ നയിച്ചു. ആ കാലടിപ്പാടുകള്‍ പിന്തുടര്ന്ന് അയാള്‍ ആ വില്ലേജിലെ ചന്തയിലെത്തി.

"ആരാണ് എന്‍റെ കുതിരയെ എടുത്തത്?" അയാള്‍ ഉറക്കെ വിളിച്ച് ചോദിച്ചു.

ചന്തയിലുണ്ടായിരുന്ന ആളുകള്‍ അയാളുടെ ചോദ്യം കേട്ട് അയാളെ നോക്കി. ആരും മറുപടി ഒന്നും പറഞ്ഞില്ല.

"ചോദിച്ചത് കേട്ടില്ലേ? ആരാണ് എന്റെ കുതിരയെ മോഷ്ടിച്ചത്? ആരാണെങ്കിലും ശരി, ഞാന്‍ അഞ്ചു മിനിറ്റ് ഇവിടെ കാത്തുനില്‍ക്കും. അതിനുള്ളില്‍ എന്‍റെ കുതിരയെ കിട്ടിയിലെങ്കില്‍ ഇതിന് മുന്‍പൊരിക്കല്‍ ഇത് പോലെ എന്‍റെ കുതിര നഷ്ടപ്പോള്‍ അവിടെ ഞാന്‍ ചെയ്തത് തന്നെ എനിക്ക് ചെയ്യേണ്ടി വരും". അയാള്‍ വര്‍ധിച്ച ദേഷ്യത്തോടെ പറഞ്ഞു.

ചന്തയില്‍ കൂടി നിന്നിരുന്നവരുടെ കൂട്ടത്തില്‍ കുതിരയെ മോഷ്ടിച്ച കള്ളനും ഉണ്ടായിരുന്നു. യാത്രക്കാരന്‍റെ മുന്നറിയിപ്പ് കേട്ടപ്പോള്‍ അയാള്‍ ശരിക്കും ഭയന്ന് പോയി. എന്താണാവോ ഇയാള്‍ ഇതിന് മുന്പ് ചെയ്തത്? എന്തായാലും ഒരു പരീക്ഷണത്തിന് നില്‍ക്കേണ്ടാ എന്ന്‍ കള്ളന്‍ കരുതി. അയാള്‍ വേഗം കുതിരയെ ഒളിപ്പിച്ചിരുന്ന സ്ഥലത്തു ചെന്നു അതിനെ കെട്ടഴിച്ചു വിട്ടു. സ്വതന്ത്രനായ കുതിര വേഗം ഓടി ഉടമസ്ഥന്‍റെ അടുത്തെത്തി. 

യാത്രക്കാരന് സന്തോഷമായി. അയാള്‍ കുതിരപ്പുറത്ത് കയറി യാത്ര പുറപ്പെടാനൊരുങ്ങി. പക്ഷേ നമ്മുടെ കള്ളന് ഒരു സമാധാനം കിട്ടിയിരുന്നില്ല. യാത്രക്കാരന് ഇതിന് മുന്പ് എന്തായിരിക്കും ചെയ്തിട്ടുണ്ടായിരിക്കുക? കള്ളന്‍ വേഗം യാത്രക്കാരനെ സമീപിച്ച് ചോദിച്ചു.

"ഇതിന് മുന്പ് ഇത് പോലെ കുതിര നഷ്ടപ്പെട്ടപ്പോള്‍ അങ്ങ് എന്താണ് ചെയ്തത്"

"ഞാനെന്ത് ചെയ്യാന്‍? ഞാന്‍ വേറൊരു കുതിരയെ വാങ്ങി യാത്ര തുടരേണ്ടി വന്നു. ഇപ്രാവശ്യവും വേറെ കുതിരയെ വാങ്ങേണ്ടി വരും എന്നു ഞാന്‍ പേടിച്ച് പോയി." യാത്രക്കാരന്‍ ഒരു ചെറുചിരിയോടെ പറഞ്ഞു കൊണ്ട് കുതിരയെ മുന്നോട്ട് പായിച്ചു.

അകന്നു പോകുന്ന കുതിരയെ നോക്കി മിഴിച്ചു നില്‍ക്കാനെ പാവം കള്ളന് കഴിഞ്ഞുള്ളൂ.


Post a Comment

0 Comments